മംഗളൂരു: കാമുകി തന്നോടൊപ്പം കറങ്ങിനടക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടി ജോലി ചെയ്യുന്ന കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞു. ഇതുകണ്ട നാട്ടുകാര്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ചു. സുള്ള്യ സ്വദേശി വിവേക് (18) ആണ് പരാക്രമം കാണിച്ചത്. ബെണ്ടൂരില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബെണ്ടൂരിനടുത്തുള്ള പിജി അക്കോമഡേഷനില്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുമായി വിവേക് പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥാപനത്തിന് സമീപത്തെത്തിയ യുവാവ് പെണ്‍കുട്ടിയെ വിനോദയാത്രയ്ക്ക് കൂടെ കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി അതിന് സമതിച്ചില്ല. കൂടാതെ ഓഫീസിലേക്ക് കയറിപ്പോവുകയും ചെയ്തു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രകോപിതനായ വിവേക് അവള്‍ ജോലി ചെയ്യുന്ന പിജി അക്കോമഡേഷന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇതുകണ്ട നാട്ടുകാര്‍ യുവാവിനെ പിടികൂടി മര്‍ദിച്ചു. സംഭവമന്വേഷിച്ച് പെണ്‍കുട്ടിയെ വിളിപ്പിച്ചു. അപ്പോഴും യുവാവിനൊപ്പം പോകാന്‍ തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് യുവാവിനെ അനുനയിപ്പിച്ച് നാട്ടിലേക്ക് തിരിച്ചയച്ചു.
