കാസര്‍കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു കെ വിസ വാഗ്‌ദാനം ചെയ്‌ത് ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുകയായിരുന്ന സ്‌ത്രീയെ പൊലീസ് അറസ്റ്റു ചെയ്‌തു. കണ്ണൂർ പയ്യാവൂര്‍ വലിയ പറമ്പില്‍
മിനിമോള്‍ മാത്യു (58) വിനെയാണ് ഉളിക്കല്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കെ സുധീറും സംഘവും കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടിയിലുള്ള ഒളിവു കേന്ദ്രത്തില്‍ നിന്ന് അറസ്റ്റു ചെയ്‌തത്. ഉളിക്കല്‍, കൂമന്തോട് സ്വദേശിനി അഷിത ജോസില്‍ നിന്നു 14 ലക്ഷം രൂപയും ആറളത്തെ ചാക്കോയില്‍ നിന്നു 13 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായതെന്നു പൊലീസ് സൂചിപ്പിച്ചു.മിനിമോള്‍ മാത്യുവിന്റെ മകള്‍ ശ്വേത മാത്യുവും കേസിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ ഓണ്‍ ലൈനില്‍ വിവാഹ പരസ്യം നല്‍കി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി. മംഗ്‌ളൂരുവിലും തട്ടിപ്പ് കേസുകളുണ്ട്.