കാസര്‍കോട്: വ്യാപാരി പിറകിലോട്ട് നോക്കിയ തക്കത്തിന് കാറിലെത്തിയ യുവാവ് കടയുടമയുടെ മൊബൈല്‍ ഫോണുമായി കടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മേശപ്പുറത്ത് വച്ച മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്താണ് അന്വേഷണം നടത്തുന്നത്. ഉടമ പൂച്ചക്കാട് തെക്കുപുറത്തെ മന്‍സൂര്‍ മന്‍സിലിന്‍ മുഹമ്മദ് റഫീഖി (52) ന്റെ പരാതിയിലാണ് കേസെടുത്തത്. ചിത്താരി ചേറ്റുകുണ്ട് മദീന സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍ നിന്നാണ് മൊബൈല്‍ ഫോണെടുത്ത് യുവാവ് രക്ഷപ്പെട്ടത്. കഴിഞ്ഞ മാസം 17നു രാത്രി 10:45 നാണ് സംഭവം. ഈ സമയത്ത് ഉടമ കൗണ്ടറിലെ കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. കസേരയ്ക്ക് പിറകുവശത്തേക്ക് തിരിഞ്ഞ് ഉടമ സാധനങ്ങള്‍ തിരയുന്നതിനിടെയാണ് യുവാവ് മൊബൈല്‍ ഫോണെടുത്ത് കടന്നുകളഞ്ഞത്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് യുവാവ് കടയിലേക്കെത്തിയതെന്ന് കടയുടമ പറയുന്നു. 25 വയസുള്ള യുവാവ് നീല ചെക്ക് ഷര്‍ട്ടാണ് ധരിച്ചത്. 30,000 രൂപ വിലവരുന്ന സാംസങ്ങ് എ- 73 മൊബൈല്‍ ഫോണാണ് കവര്‍ന്നത്. മൊബൈല്‍ മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.
