കാസര്‍കോട്: വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഒരുവര്‍ഷം തടവും പത്തായിരം രൂപ വീതം പിഴയും വിധിച്ചു. കാസര്‍കോട് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. 2010 നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന പേരുചേര്‍ക്കല്‍ അപേക്ഷ പരിശോധനയില്‍ ബങ്കര മഞ്ചേശ്വരത്തെ താമസക്കാരന്‍ മൈസൂരു സ്വദേശിയായ മുനവര്‍ ഇസ്മയിലിന്റെ അപേക്ഷ നിരസിച്ചിരുന്നു. മൈസൂരുവിലെ വോട്ട് നീക്കിയതായ രേഖ കൊണ്ടുവന്നാല്‍ ഇവിടെ പേര് ചേര്‍ക്കാമെന്നും അറിയിച്ച് മുനവറിനെ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.ദാമോദരന്‍ മടക്കിയയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.കെ.എം.അഷ്റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല കജ, ലീഗ് നേതാക്കളായ ബഷീര്‍ കനില, കായിഞ്ഞി എന്നിവരുടെ നേതൃത്വത്തില്‍ കസേരയില്‍നിന്ന് തള്ളിയിട്ട് മര്‍ദിച്ചുവെന്നാണ് കേസ്.