കാസര്‍കോട്: പാലക്കാട് നടന്ന സംസ്ഥാന സബ് ജൂനിയര്‍ വുഷു സാന്‍ഡ ഫൈറ്റില്‍(സബ് ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 39കിലോ വിഭാഗം) കാസര്‍കോട് ജില്ലക്ക് വേണ്ടി സ്വര്‍ണ്ണം നേടിയത് ചെറുവത്തൂര്‍ സ്വദേശിനിയായ അന്‍വിദ അനില്‍. മൂന്ന് വയസുള്ളപ്പോള്‍ തന്നെ അയോദ്ധനകലയുടെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്ന് പകര്‍ന്നെടുത്ത വിദ്യാര്‍ഥിനി ഇതിനകം തന്നെ ഒട്ടേറെ സംസ്ഥാന-ദേശീയ-അന്തര്‍ ദേശീയതലങ്ങളില്‍ മെഡലുകള്‍ വാരികൂട്ടിയിട്ടുണ്ട്. വുഷു സായ് സര്‍ട്ടിഫയ്ഡ് കൊച്ച് ആയ അച്ഛന്‍ അനില്‍കുമാറിന്റെ കൃത്യനിഷ്ടതയോടെയുള്ള ശിക്ഷണത്തില്‍ ചെറുവത്തൂര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയില്‍ ആണ് അന്‍വിദ പരിശീലിച്ചു വരുന്നത്. ഖേലോ ഇന്ത്യ സൗത്ത് സോണ്‍ ‘വുഷു’ മത്സരത്തില്‍ കാസര്‍കോട് ജില്ലയിലേക്ക് ആദ്യ സ്വര്‍ണ്ണം കൊണ്ടുവന്ന താരം എന്ന ബഹുമതിയും അന്‍വിദ നേടിയിരുന്നു. 2019 ല്‍ സൗത്ത് കൊറിയയില്‍ വെച്ച് നടന്ന വേള്‍ഡ് തായ്കൊണ്ടോ കിഡ്ഡിസ് പുംസാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ബ്രോണ്‍സ് മെഡല്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ തായ്കൊണ്ടോയില്‍ സെക്കന്റ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് കൂടിയാണ്. അമ്മ വിജിത സതേണ്‍ റയില്‍വേ സ്റ്റാഫ് 2020 ല്‍ വുഷുവില്‍ സംസ്ഥാന ചാമ്പ്യന്‍ ആയിരുന്നു. അന്‍വിദ ഇപ്പോള്‍ കുട്ടമത്ത് ജി.എച്ച്.എസ്. സ്‌കൂളില്‍ ഏട്ടാം തരം വിദ്യാര്‍ഥിനിയാണ്. 2021 ല്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ മിടുമിടുക്കി പ്രോഗ്രാമിലും, 2022 ല്‍ മഴവില്‍ മനോരമ സൂപ്പര്‍ ഫണ്‍ ഫാമിലി പ്രോഗ്രാമിലും ആയോദ്ധന കല എപ്പിസോഡില്‍ അന്‍വിദ അനിലും കുടുംബവും ടൈറ്റില്‍ വിന്നര്‍ ആയിരുന്നു. വുഷുവില്‍ കൂടി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനാണ് ഈ എട്ടാം ക്ലാസുകാരിയുടെ ആഗ്രഹം.