കാസര്‍കോട്: പാമ്പു കടിയേറ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആള്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചു. ബെള്ളൂര്‍ അഡ്‌വാള സ്വദേശി അപ്പക്കുഞ്ഞിയുടെ മകന്‍ എ.കൃഷ്ണന്‍ (50) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് കൃഷ്ണനെ വീട്ടുപരിസരത്തുവച്ച് പാമ്പുകടിയേറ്റത്. മതിലിനു മുകളിലുണ്ടായിരുന്ന പാമ്പ് കൈക്ക് കടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്കില്‍ കൃഷ്ണനെ ആശുപത്രിയിലേക്ക് കൊണ്ട് പോകവെ നെക്രംപ്പാറയിലാണ് വാഹന അപകടമുണ്ടായത്. എതിരെ വന്ന കാര്‍ കൃഷ്ണന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോകവെ ബോധരഹിതനായി. ഇതേ തുടര്‍ന്ന് കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്‍ട്ടനടപടികള്‍ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
