കൊച്ചി: കളമശ്ശേരി കണ്‍വെൻഷൻ സെൻറര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്.ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ മെഡിക്കല്‍ ബോർഡ് നിര്‍ദേശപ്രകാരം നല്‍കി വരികയായിരുന്നു. എന്നാല്‍ മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് മരിക്കുകയും ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു.
എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് ആദ്യം മരിച്ചത്. 25ഓളം പേര്‍ ചികിത്സയിലാണ്. ലയോണ പൗലോസിനെ വൈകിട്ടാണ് തിരിച്ചറിഞ്ഞത്. സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയാണ് ലയോണ. കുമാരിയെനേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും രാവിലെ മരിച്ച സ്ത്രീയെ തിരിച്ചറിയാനായിരുന്നില്ല.
ലയോണയെ കാണാത്തതിനെതുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് രാത്രി വൈകി മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് കണ്‍വെന്‍ഷനെത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ നാളെ എത്തിയശേഷം മൃതദേഹം തിരിച്ചറിയണം. ഇതിനുശേഷം മാത്രമെ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയുള്ളു. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്.
കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കണ്‍വെൻഷൻ സെന്ററിന്റെ അകത്താണ് ഇന്നലെ രാവിലെ 9.40ഓടെ സ്ഫോടനം നടന്നത്. സംഭവത്തില്‍ പ്രതിയായെന്ന് അവകാശപ്പെട്ട എറണാകുളം കവടന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്