മുതിർന്ന ആർ എസ് എസ് നേതാവ് ആർ ഹരി അന്തരിച്ചു

കൊച്ചി: മുതിർന്ന ആർ എസ് എസ് പ്രചാരകനും, മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖുമായിരുന്ന ആർ ഹരി അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. 93 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം.എഴുത്തുകാരൻ ,സാമൂഹ്യ പ്രവർത്തകൻ ,പ്രഭാഷകൻ, എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആർ ഹരി എന്ന രംഗ ഹരി. പതിമൂന്നാം വയസില്‍ ആർ എസ് എസ് പ്രവർത്തകനായി മാറിയ ആർ ഹരി, ഗുരുജി ഗോള്‍വല്‍ക്കര്‍, മധുകര്‍ ദത്താത്രേയ ദേവറസ്, പ്രൊഫ. രാജേന്ദ്ര സിങ്, കെ.എസ്. സുദര്‍ശന്‍, ഡോ.മോഹന്‍ ഭാഗവത് എന്നീ അഞ്ച് സര്‍സംഘചാലകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്‌കൂള്‍ പഠനം സെന്റ്ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍. മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം. ബിഎസ്എസി കെമിസ്ട്രിയില്‍ പ്രവേശനം നേടിയെങ്കിലും പഠന കാലത്ത് ജയില്‍വാസവും അനുഭവിച്ച് മടങ്ങിവന്നപ്പോള്‍ അത് തുടരാനായില്ല. തുടര്‍ന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. സംസ്‌കൃതം പ്രത്യേകം പഠിച്ചു.

മഹാത്മാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയ 1948 ഡിസംബര്‍ മുതല്‍ 1949 ഏപ്രില്‍ വരെ സത്യാഗ്രഹിയായി കണ്ണൂരില്‍ ജയില്‍വാസം അനുഭവിച്ചു. ബിരുദ പഠനത്തിന് ശേഷം പൂര്‍ണസമയ പ്രവര്‍ത്തകനായി. വടക്കന്‍ പറവൂരില്‍ പ്രചാരകനായി തുടക്കം. പിന്നീട് നിരവധി ചുമതലകള്‍. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

1983 മുതല്‍ 1993 വരെ കേരള പ്രാന്ത പ്രചാരക്, 1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, 1991-2005 കാലയളവില്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്, 1994 മുതല്‍ 2005 വരെ ഏഷ്യ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രഭാരി, 2005-2006 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം എന്നീ പദവികള്‍ വഹിച്ചു.

ടാറ്റ ഓയില്‍ മില്‍സില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റായി പുല്ലേപ്പടി തെരുവില്‍പ്പറമ്പില്‍ രംഗ ഷേണായിയുടേയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടേയും മകനായി 1930 ഡിസംബര്‍ അഞ്ചിനായിരുന്നു ജനനം. പതിമൂന്നാം വയസ്സിൽ ആർ.എസ്. എസിൽ ചേർന്നു പ്രവർത്തിച്ചു.  75ാം വയസില്‍ ഔദ്യോഗിക ചുമതകളില്‍ നിന്ന് ഒഴിഞ്ഞു. രണ്ടു വര്‍ഷംകൂടി ചില പ്രത്യേക ചുമതലകള്‍ തുടര്‍ന്നു.മലയാളം, കൊങ്കണി, തമിഴ്, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലിഷ്, മറാഠി, ഗുജറാത്തി, ബംഗാളി, അസമീസ് എന്നീ 10 ഭാഷകള്‍ അറിയാവുന്ന ആർ ഹരി വിവിധ ഭാഷകളിലായി അറുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊച്ചിയിലെ ആർഎസ്എസ് സംസ്ഥാന കാര്യാലയമായ മാധവനിവാസിൽ ഇന്ന് രാവിലെ പതിനൊന്ന് മുതൽ, നാളെ രാവിലെ ആറ് മണിവരെ  പൊതു ദർശനം. തുടർന്ന് നാളെ 11 മണിവരെ ഒറ്റപ്പാലം ,മായന്നൂർ തണൽ ബാലാശ്രമത്തിൽ പൊതു ദർശനം, ശേഷം 11:30 ഓടെ പാമ്പാടി ഐവർ മഠത്തിൽ സംസ്കാരം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
രേഷ്മയുടെ കൊലപാതകം: പ്രതി ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു; പ്രതിയെ പാണത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി, ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമും രംഗത്ത്, ബാറുടമയെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം