കാസർകോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അന്തരിച്ചു

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.വെങ്കടേശ്വര്‍ലു അന്തരിച്ചു. 64 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിലെ കൊമേഴ്‌സ് പ്രൊഫസറായ വെങ്കിടേശ്വര്‌ലു 2020 ഓഗസ്റ്റ് 14-ന് കേരള സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ മൂന്നാമത്തെ വൈസ് ചാൻസലറായി നിയമിതനായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ഔദ്യോഗിക വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം  പിന്നീട് കണ്ണൂരിലെ ആസ്റ്റർ മിംസിലേക്ക് മാറ്റുകയും ചെയ്തു.അവിടെ ഒരു മാസത്തോളമായി ഗുരുതരാവസ്ഥയിലായിരുന്നു.സെപ്തംബർ പകുതിയോടെ  ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയും  അവിടെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്. സുഗുണാദേവി ആണ് പ്രൊഫ വെങ്കിടേശ്വര്ലുവിൻ്റെ ഭാര്യ.   കീർത്തന പ്രവീൺ, ഗൗതം ഭാർഗവ എന്നിവരാണ് മക്കൾ.അക്കാദമിക് മേഖലയിൽ  എച്ച്‌വി എന്നറിയപ്പെടുന്ന പ്രൊഫ വെങ്കിടേശ്വര്‌ലു  ആന്ധ്രാപ്രദേശിലെ മുൻ മേദക് ജില്ലയിലെ (ഇപ്പോൾ തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ) വെമുലഘട്ട് ഗ്രാമത്തിലാണ് വളർന്നത്. ആറ് വയസ്സുള്ളപ്പോൾ അച്ഛൻ നഷ്ടപ്പെട്ടതിനെ തുടർന്ന് അമ്മയാണ് വളർത്തിയത്.  കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതി ഉന്നത വിദ്യാഭ്യാസം നേടിയ   അദ്ദേഹം ഒസ്മാനിയ സർവകലാശാലയിൽ പ്രൊഫസറായി അവിടെ 30 വർഷം പഠിപ്പിച്ചു. 2019-ൽ വിരമിച്ചു. 2010-ൽ ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ   മികച്ച അധ്യാപകനുള്ള അവാർഡിന് അർഹനായി.

ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ഡെവലപ്‌മെന്റിന്റെ ജോയിന്റ് ഡയറക്ടറായിരുന്നു. രാജ്യത്തുടനീളം അമ്പതോളം സർവകലാശാലകളിൽ അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി. ഗവേഷണത്തോട് അതിയായ താത്പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം  നിരവധി പ്രമുഖ ജേണലുകളിൽ 30 ഗവേഷണ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.  ഇന്ത്യൻ ജേണൽ ഓഫ് കൊമേഴ്സിന്റെ എഡിറ്റോറിയൽ ഉപദേശക  പദവിയും വഹിച്ചു.ഡോക്ടറൽ തലത്തിൽ 25 ഗവേഷകർക്കും എം.ഫില്ലിൽ  5 പേർക്കും അദ്ദേഹം വിജയകരമായി വഴികാട്ടിയായി.  6 പേർ ഇപ്പോഴും ഡോക്ടറേറ്റിനായി അദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. പ്രൊഫ. വെങ്കിടേശ്വര്ലു അമേരിക്കയിലെ ലാസ് വെഗാസിൽ പ്രഭാഷണങ്ങൾ നടത്തുകയും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു; ഫ്രാൻസിലെ പാരീസിലെ സാമ്പത്തിക, സാമൂഹിക വികസനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി, വാർട്ടൺ ബിസിനസ് സ്‌കൂൾ, പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി, സാൻ ഡീഗോ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്തമായ നിരവധി അമേരിക്കൻ യൂണിവേഴ്‌സിറ്റികൾ പ്രൊഫ. വെങ്കിടേശ്വര്ലു സന്ദർശിച്ചു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ, എഐസിടിഇ, യുപിഎസ്‌സി എന്നിവയുടെ വിഷയ വിദഗ്ധനായി പ്രവർത്തിച്ച അദ്ദേഹം ഇന്ത്യയിലെ രണ്ട് ഡസനിലധികം സർവകലാശാലകളിൽ കൊമേഴ്‌സ്, മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റുകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.കേരള കേന്ദ്ര സർവകലാശാലയിൽ  അധ്യാപക വിദ്യാർത്ഥി   സൗഹാർദ്ദം അന്തരീക്ഷം ഒരുക്കുന്നതിലും കാമ്പസിലെ അക്കാദക് മികവ് ഉയർത്തുന്നതിലും ശ്രദ്ധേയ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്.

 

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page