കൊച്ചി: ഷവർമ്മ കഴിച്ചതിനെ തുടർന്ന് യുവാവിന് ഭക്ഷ്യവിഷബാധയേറ്റ ‘ലെ ഹയാത്ത്’ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറുപേര്‍ക്ക് കൂടി ആരോഗ്യപ്രശ്‌നങ്ങള്‍. ബുധൻ, വ്യാഴം ദിവസങ്ങളില്‍ ഹയാത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്.ആരോഗ്യവകുപ്പ് ഇവരില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. ഷവര്‍മ്മ, അല്‍ഫാം തുടങ്ങിയ ചിക്കൻ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. കാക്കനാട് സ്വദേശികളായ ആറ് പേരുടേയും നില തൃപ്തികരമാണ്.ഹയാത്തില്‍ നിന്ന് ഷവര്‍മ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി രാഹുല്‍ ബുധനാഴ്ചയായിരുന്നു മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ രാഹുലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് രാഹുലിനെ ചികിത്സിച്ചത്. അണുബാധയെ തുടര്‍ന്ന് യുവാവിന്റെ അവയവങ്ങള്‍ തകരാറിലായിരുന്നു.
കഴിഞ്ഞ വെളളിയാഴ്ച വൈകിട്ടാണ് രാഹുല്‍ ഹയാത്തില്‍ നിന്ന് ഷവര്‍മ്മ വാങ്ങിക്കഴിച്ചത്. ഓണ്‍ലൈനായാണ് യുവാവ് ഷവര്‍മ്മ വാങ്ങിയത്. അടുത്ത ദിവസം മുതല്‍ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. കാക്കനാട് സെസ്സിലെ ജീവനക്കാരനാായിരുന്നു രാഹുല്‍. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ ഷവര്‍മ്മ കഴിച്ച ‘ലെ ഹയാത്ത് ‘ഹോട്ടല്‍ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടര്‍ന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി.