8  ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ; നടപടി ഇസ്രായേലിനായി ചാരവൃത്തി നടത്തിയെന്നാരോപിച്ച്; നടപടി ഞെട്ടിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം

ദോഹ:ഖത്തറില്‍ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ. ദഹ്‌റ ഗ്ളോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.ഖത്തര്‍ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന സ്വകാര്യ കമ്പനിയാണിത്. ഖത്തറിലെ കോ‌ര്‍ട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്.ഇസ്രായേലിന് വേണ്ടി ചാരവൃത്തി ചെയ്തുവെന്നാണ് മുൻ നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം. ക്യാപ്‌ടൻ നവ്‌തേജ് സിംഗ് ഗില്‍, ക്യാപ്‌ടൻ ബീരേന്ദ്ര കുമാര്‍ വെര്‍മ, ക്യാപ്‌ടൻ സൗരഭ് വസിഷ്ഠ്, കമാൻഡര്‍ അമിത് നാഗ്‌പാല്‍, കമാൻഡര്‍ പൂര്‍ണേന്ദു തീവാരി, കമാൻഡര്‍ സുഗുണാകര്‍ പകാല, കമാൻഡര്‍ സഞ്ജീവ് ഗുപ്‌ത, സെയ്‌ലര്‍ രാഗേഷ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
ഓഗസ്റ്റ് 2022 മുതല്‍ ഇവര്‍ ഖത്തറിലെ ജയിലില്‍ കഴിയുകയാണ്. ഒരു അന്തര്‍വാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ വിചാരണയ്ക്ക് വിധേയരായിരുന്നു. ഇവരുടെ ജാമ്യാപേക്ഷകള്‍ നിരവധി തവണ തള്ളിയ ഖത്തര്‍ അധികൃതര്‍ തടവ് ശിക്ഷ നീട്ടുകയായിരുന്നു.അതേസമയം, മുൻ നാവിക ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. വിശദമായ വിധി വരുന്നതിനായി കാത്തിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നുണ്ട്. നിയമപരമായ എല്ലാ സാദ്ധ്യതകളും പരിശോധിക്കുകയാണ്. കേസിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. സാദ്ധ്യമായ എല്ലാ നിയമസഹായവും ലഭ്യമാക്കും. ശിക്ഷാവിധിയെക്കുറിച്ച്‌ ഖത്തര്‍ അധികാരികളുമായി ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page