മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുളള പ്രതികൾ കോടതിയിൽ ഹാജരായി;ജാമ്യാപേക്ഷ സമർപ്പിച്ചു
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉള്‍പ്പടെയുള്ള മുഴുവൻ പ്രതികളും കോടതിയില്‍ ഹാജരായി.കാസര്‍ഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹാജരായത്. വിടുതല്‍ ഹര്‍ജി പരിഗണിക്കാൻ കേസിലെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടർന്നാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികൾ ഹാജരായത്. പ്രതികൾ എല്ലാവരും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതേ സമയം ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. വിടുതല്‍ ഹര്‍ജിക്ക് മറുപടിയായി പ്രോസിക്യൂഷൻ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേട്ടതിന് ശേഷം തീരുമാനം എടുക്കും. എന്നാല്‍, കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നാണ് പ്രതികളുടെ വാദം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരക്ക് പണം നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണുമാണ് നല്‍കിയത്. സുന്ദര തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശ് ആണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തത്.