ചെന്നൈ: ബി.ജെ.പിയുമായി കാല്‍ നൂറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ച് നടി ഗൗതമി. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്നും സീറ്റ് നല്‍കാതെ തന്നെ കബളിപ്പിച്ചുവെന്നും ആരോപിച്ചാണ് ഗൗതമി ബി.ജെ.പി അംഗത്വം രാജിവച്ചത്. തന്റെ പണം തട്ടിയെടുത്തയാളെ പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്നും നീതി നിര്‍വഹണത്തില്‍ തമിഴ്നാട് സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 25 വര്‍ഷം മുമ്പ് രാഷ്ട്രനിര്‍മാണത്തിനായി ബി.ജെ.പിയില്‍ ചേര്‍ന്ന തന്റെ എല്ലാ പ്രയാസങ്ങള്‍ക്കിടയിലും അര്‍പ്പണബോധം അംഗീകരിക്കപ്പെട്ടിരുന്നുവെന്ന് ഗൗതമി രാജിക്കത്തില്‍ പറയുന്നു.
സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് താന്‍ രാജപാളയം നിയമസഭ മണ്ഡലത്തിന്റെ ചുമതല ഏറ്റെടുക്കുകയും അടിത്തട്ടുമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അഹോരാത്രം പ്രയത്നിക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം സീറ്റ് നല്‍കിയില്ലെന്നും ഗൗതമി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. തനിക്ക് മുഖ്യമന്ത്രിയിലും പൊലീസിലും നിയമ വ്യവസ്ഥയിലും പ്രതീക്ഷയുണ്ടെന്ന് ഗൗതമി കത്തില്‍ പറയുന്നു. ലക്ഷങ്ങള്‍ കബളിപ്പിച്ച് മുങ്ങിയ അളഗപ്പന് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളുടെയടക്കം പിന്തുണയുണ്ടെന്നും നീതിക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികാവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ ഗൗതമി തീരുമാനിച്ചിരുന്നു. അത് വില്‍ക്കാന്‍ സഹായിക്കാമെന്ന് ബില്‍ഡര്‍ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു.
അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും എന്നാല്‍ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ഗൗതമിയുടെ ആരോപണം. നീതിക്കുവേണ്ടിയും മകളുടെ ഭാവിക്കുവേണ്ടിയും, ഏകരക്ഷിതാവെന്ന നിലയിലും ഒറ്റയ്ക്കായ സ്ത്രീയെന്ന നിലയിലുമുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും കത്തില്‍
അവര്‍ ചൂണ്ടിക്കാട്ടുന്നു.
