കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനവുമായി കാസര്‍കോട് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി എസ് അനുപ്രിയ. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 16.15 മീറ്റര്‍ എറിഞ്ഞ് റെക്കോഡോടെ സ്വര്‍ണം നേടിയത്. 2018-ല്‍ മേഘമരിയം മാത്യു സ്ഥാപിച്ച 14.91 മീറ്ററാണ് മറികടന്നത്. ഈയിനത്തിലെ ദേശീയ ദൂരം 16 മീറ്ററില്‍ താഴെയാണ്. രണ്ടാംദിനത്തിലെ ഏക റെക്കോഡാണ്. 43 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ മൂന്ന് റെക്കോഡേയുള്ളു. ട്രിന്‍ബാഗോ ഹേസ്ലി ക്രോഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന
കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ പെണ്‍ ഷോട്ട്പുട്ടില്‍ അനുപ്രിയ വെങ്കലവും നേടിയതിന്റെ ആഹ്ലാദം വിട്ടുമാറും മുമ്പാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇരട്ടിമധുരമായി സര്‍ണം നേടിയത്.
കഴിഞ്ഞവര്‍ഷം സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. അന്ന് 15.85 മീറ്റര്‍ ദൂരമാണ് എറിഞ്ഞത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒന്നാംസ്ഥാനക്കാരി ഏറിഞ്ഞ ദൂരം 16.50 മീറ്ററാണ്. ചെറുവത്തൂര്‍ കെ.സി.ത്രോസ് അക്കാദമിയിലെ പരിശീലകയാണ്. തൃക്കരിപ്പൂരിലെ കെ.ശശിയുടെയും വി.രജനിയുടെയും മകളാണ്.