പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ രണ്ടാനച്ഛനായ 45കാരനെ 60 വർഷം കഠിനതടവിന് ശിക്ഷിച്ചു. 14 വയസുകാരിയെയാണ് ഇയാൾ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയത്. പ്രതിയായ ഐരൂർ സ്വദേശിയെ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷിച്ചത്. 2 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാൽ 2 വർഷം അധിക കഠിനതടവ് അനുഭവിക്കണം. പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതിന് ശേഷം പെൺകുട്ടിയെ സംരക്ഷിക്കുന്നതിനായി മാതാവ് ഗ്രാഫിക്സ് ഡിസൈനറായ പ്രതിയെ വിവാഹം ചെയ്യുകയായിരുന്നു. രണ്ടാം വിവാഹത്തിൽ ഇവർക്ക് ഒരു കുഞ്ഞും ഉണ്ട്. 2014 മുതൽ 208 വരെ ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് കേസ്.പെൺകുട്ടിയുടെ മാതാവിന് വിദേശത്താണ് ജോലി. തുടർപഠനത്തിന് ഹോസ്റ്റലിൽ താമസിച്ചുവരവെ പഠന വൈകല്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാാണ് പീഡന വിവരം പുറത്തറിയുന്നത്. വിവരം അറിഞ്ഞ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അമ്മ രണ്ടാനച്ഛനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായി. കേസിന്റെ വിചാരണ വേളയിൽ കൗൺസിലർ കൂറുമാറിയെങ്കിലും മറ്റു തെളിവുകൾ അനുകൂലമായി മാറുകയായിരുന്നു.
