കാസര്‍കോട്: അഞ്ചു ലക്ഷം രൂപയുടെ വണ്ടിചെക്ക് നല്‍കി വഞ്ചിച്ചതായി കാസര്‍കോട് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസലിനെതിരെ തൃക്കരിപ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.പി.ജോസഫ്. കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായം കേസ് ഫയലില്‍ സ്വീകരിച്ച കോടതി ഡിസംബര്‍ 19 ന് ഹാജരാകാന്‍ പി.കെ.ഫൈസലിന് സമന്‍സ് അയച്ചിട്ടുണ്ട്. 2022 നവംബര്‍ 28 ന് രണ്ടുതവണകളിലായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്. ജോസഫില്‍ നിന്നും 10 ലക്ഷം രൂപ ഒരു മാസത്തെ കാലാവധിയിലാണ് പി.കെ.ഫൈസല്‍ കടം വാങ്ങിയത്. പലതവണ പണം തിരിച്ചുചോദിച്ചിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ജോസഫ് കെ.പി.സി.സി നേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 5 ലക്ഷം രൂപ തിരിച്ചുകൊടുത്തെങ്കിലും ബാക്കി 5 ലക്ഷം രൂപ ഇനിയും നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു. ഈ തുക പറഞ്ഞ കാലാവധിയിലും തിരിച്ചുനല്‍കിയില്ല. കെ.പി.സി സിക്ക് പരാതികൊടുത്താലും ഇനി ഗുണം ഉണ്ടാകില്ലെന്ന് മനസിലായതോടെയാണ് ജൂണ്‍ 27 ന് എം.പി.ജോസഫ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ നിതീഷ് ഷേണായി മുഖേന കാക്കനാട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. മുന്‍ മന്ത്രി കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവും കേരളാ കോണ്‍ഗ്രസ് നേതാവുമാണ് എം.പി ജോസഫ്.
