കാസർകോട്: നീലേശ്വരം പട്ടേനയിൽ പൂട്ടിയിട്ട വാടകവീട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ടൈൽസ് തൊഴിലാളിയായ ഉത്തർ പ്രദേശ് സ്വദേശി ധർമ്മപാൽ ഓജസിന്റെ മകൻ അരവിന്ദനെ (40)യാണ് പട്ടേന ഗ്യാസ് ഗോഡൗണിന് സമീപത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഹോം നഴ്സായ ഭാര്യ സരസമ്മ ജോലി സ്ഥലത്തു നിന്നും രാവിലെ വീട്ടിലെത്തിയപ്പോൾ ദുർഗന്ധം കൊണ്ട് വീട്ടിനടുത്തേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് സരസമ്മ വന്ന ഓട്ടോറിക്ഷാ ഡ്രൈവർ പട്ടേനയിലെ സാമൂഹ്യ പ്രവർത്തകനായ ഇ.കെ സുനിൽകുമാറിനെ വിവരം അറിയിച്ചു.സുനിൽകുമാർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ നീലേശ്വരം പോലിസ് എത്തി വാതിൽ തുറന്നപ്പോഴാണ് അരവിന്ദന്റ ചീഞ്ഞളിഞ്ഞ മുതദേഹം കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യ ജോലിക്ക് പോയാൽ വീട്ടിൽ അരവിന്ദൻ തനിച്ചാണ്.ഈ കുടുംബം വർഷങ്ങളായി ഇവിടെ ജോലി നോക്കി വരുന്നവരായിരുന്നു. പൊലീസ് തുടർ നടപടി സ്വീകരിച്ചു വരികയാണ്.
