കൊല്ലം: കൊല്ലം ചടയമംഗലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർത്ഥികളെയും വിട്ടയച്ചു.യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. കേൾവി പരിമിതിയുള്ളവരും സംസാര ശേഷിയില്ലാത്തവരുമാണ് അഞ്ച് പേരും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയന്ന് ആരോപിച്ചാണ് ഇന്നലെ രാത്രിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.വാഹന വ്യൂഹം വരുമ്പോൾ ഹോണടിച്ചിട്ടും ഇവർ മാറിയില്ലെന്നായിരുന്നു ആരോപണം.
ഇവർക്ക് കേൾവിപരിമിതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിട്ടയച്ചത്.ഭിന്ന ശേഷിയുള്ളവർ പഠിക്കുന്ന തിരുവനന്തപുരം ആക്കുളം നിഷിലെ വിദ്യാർഥികളാണ് ഇവർ. നിഷിലെ അധികൃതർക്കൊപ്പമാണ് ഇവരെ വിട്ടയച്ചത്. അർദ്ധരാത്രിയോടെ അഞ്ചുപേരും തിരുവനന്തപുരത്ത് എത്തി. യുവാക്കൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് വാഹനം എടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയത് .
