ഐ.എ.എസ് തലത്തില്‍ അഴിച്ചുപണി; ആറ് കളക്ടര്‍മാര്‍ക്ക് മാറ്റം; കൊല്ലം ജില്ലാ കളക്ടറായി കാസര്‍കോട് സ്വദേശി

കാസര്‍കോട്: സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിങ്ങനെ 6 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലമാറ്റമുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ എസ് അയ്യറെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. അദീല അബ്ദുല്ലയ്ക്ക് പകരമാണ് നിയമനം. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടര്‍. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറാക്കി. ജോണ്‍ വി സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. മലപ്പുറം ജില്ലാ കളക്ടറായിരുന്ന പ്രേംകുമാര്‍ പഞ്ചായത്ത് ഡയറക്ടറാകും. വിആര്‍ വിനോദാണ് മലപ്പുറത്തെ പുതിയ കളക്ടര്‍. കൊല്ലം കളക്ടറായിരുന്ന അഫ്‌സാന പര്‍വീണിനെ ഭക്ഷ്യ സുരക്ഷ കമ്മീഷ്ണറായി നിയമിച്ചു. കൊല്ലം ജില്ലാ കളക്ടറാകുന്നത് കാസര്‍കോട് നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ സ്വദേശി എന്‍. ദേവിദാസ്. തിരുവനന്തപുരം മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറാണ് നിലവില്‍ ദേവിദാസ്. ദീർഘകാലം കാസര്‍കോട് എഡിഎം ആയിരുന്നു. കണ്ണൂര്‍ ഇലക്ഷന്‍ ഡെപ്യൂടി കലക്ടറായിരിക്കെയാണ് ഐഎഎസ് പദവി ലഭിച്ചത്. ആദ്യമായാണ് ജില്ലാകളക്ടര്‍ പദവി ലഭിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇലക്ഷന്‍ ഡെപ്യൂടി കലക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തളിപറമ്പ് ആര്‍ഡിഒയായും സേവനമനുഷ്ടിച്ചു. ആര്‍ ആര്‍ ഡെപ്യൂടി കലക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ കലക്ടറുടെ താത്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ എളമ്പച്ചി വടക്കുമ്പാട് സ്വദേശിയായ ദേവിദാസ് നീലേശ്വരം കിഴക്കന്‍ കൊവ്വലിലാണ് ഇപ്പോള്‍ താമസം. മടിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീജയാണ് ഭാര്യ. വിദ്യാര്‍ഥികളായ ചൈത്രക് ദേവ്, ദേവിക മിത്ര എന്നിവര്‍ മക്കളാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page