കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍ അധ്യാപകനുമായിരുന്ന ടി ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ദിരാ പ്രിയദര്‍ശിനി ദേശീയ വൃക്ഷമിത്ര അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ്, മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍, സോഷ്യല്‍ സര്‍വീസ് എക്സലന്‍സ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച ‘വിപ്ലവം’ ദിനപത്രത്തില്‍ സബ് എഡിറ്ററായും ഇടക്കാലത്ത് ജോലിനോക്കിയിരുന്നു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗം, കാവ് സംരക്ഷണ വിദഗ്ധ സമിതി അംഗം, പ്രകൃതി സംരക്ഷണ ഏകോപന സമിതി കോ ഓര്‍ഡിനേറ്റര്‍, ഗ്രീന്‍ കമ്യൂണിറ്റി കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് കക്കോടിയില്‍ പരേതരായ തൈലപ്പറമ്പത്ത് നാരായണന്റേയും അംബുജാക്ഷിയുടേയും മകനായാണ് ജനനം. ചേളന്നൂര്‍ ഗവ. എല്‍പി സ്‌കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലും ഉന്നത വിദ്യാഭ്യാസം നേടി. 2002 ല്‍ ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് ഇക്കണോമിക്സ് വിഭാഗം മേധാവിയായി വിരമിച്ചു. ഭാര്യ: റിട്ട. പ്രഫ.എം സി പത്മജ (ശ്രീനാരായണഗുരു കോളേജ്, ചേളന്നൂര്‍). മക്കള്‍: ബോധികൃഷ്ണ (അസി. പ്രൊഫസര്‍ ഫാറൂഖ് കോളേജ്), ധ്യാന്‍ദേവ് (ഐസിഐസി പ്രുഡന്‍ഷ്യല്‍). മരുമക്കള്‍: ഡോ. ദീപേഷ് കരിസുങ്കര (അസി.പ്രൊഫസര്‍ ശ്രീനാരായണ ഗുരുകോളേജ്, ചേളന്നൂര്‍), റിങ്കു പ്രിയ. സംസ്‌കാരം വെള്ളി വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.