ബാങ്കിൽ ബിജെപിയുമായി സഖ്യം; ജില്ലാ പഞ്ചായത്ത് മുൻ അംഗം അർഷാദ് വോർക്കാടി അടക്കമുള്ള നേതാക്കളെ പുറത്താക്കിയില്ലെന്ന് ജില്ലാ കോൺഗ്രസ്സ് നേതൃത്വം; ബ്ലോക്ക് കമ്മിറ്റിയോട് വിശദീകരണം തേടിയെന്ന് ഡിസിസി; ബ്ലോക്ക് കമ്മിറ്റിയുടെ നടപടി പാർട്ടി വിരുദ്ധമെന്നും വിശദീകരണം

കാസർകോട്: വോർക്കാടി സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മുൻ അംഗം അർഷാദ് വോർക്കാടി അടക്കമുള്ള 3 നേതാക്കളെ പുറത്താക്കിയെന്ന വാർത്ത നിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി.കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റിന്  പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള അധികാരം ഇല്ലെന്നും ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നടപടി അച്ചടക്ക വിരുദ്ധ പ്രവർത്തനമാണെന്നും കാണിച്ച് ഡിസിസി വിശദീകരണം തേടി. കെ.പി.സി.സി നിർദേശാനുസരണമാണ് മശ്ചേശ്വരം ബ്ലോക്ക് പ്രസിഡന്‍റ്  പി സോമപ്പയോട് വിശദീകരണം തേടിയത്.5 ദിവസത്തിനകം മറുപടി നൽകാനാണ് ഡിസിസി പ്രസിഡന്‍റ് പി.കെ ഫൈസൽ ആവശ്യപ്പെട്ടിരിക്കുന്നത്. വോർക്കാടി ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്നാണ്  ജില്ലാ പഞ്ചായത്ത് മുൻ അംഗം അർഷാദ് വോർക്കാടി,അബ്ദുൾ ഖാദർ ഹാജി,ഹാരിസ് മച്ചമ്പാടി എന്നിവരെ പുറത്താക്കിയെന്ന് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്‍റ് പി സോമപ്പ അറിയിച്ചത്.സിപിഎമ്മുമായി ചേർന്ന് മത്സരിച്ച ഔദ്യോഗിക പാനലിനെതിരെ ബിജെപിയുമായി ചേർന്നാണ്  കോൺഗ്രസ്സ് വിമതർ മത്സരിച്ചത്.മത്സരത്തിൽ മൃഗീയ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സ് വിമത-ബിജെപി സഖ്യം അധികാരത്തിലെത്തുകയും ചെയ്തു.എന്നാൽ തെരഞ്ഞെടുപ്പ് നടപടി പൂർത്തിയായ ശേഷമാണ് പുറത്താക്കാൻ ബ്ലോക്ക് ഘടകത്തിന് അധികാരമില്ലെന്ന് ഡിസിസി നേതൃത്വം അറിയിക്കുന്നത്. മത്സരത്തിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയുള്ള വിശദീകരണം തേടൽ മുഖം രക്ഷിക്കാനുളള അടവാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.11 അംഗ ബാങ്ക് ഭരണസമിതിയിലേക്ക് 7 കോൺഗ്രസ്സ് വിമതരും 4 ബിജെപി അംഗങ്ങളുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.ബിജെപിയുമായി സഖ്യമുണ്ടാക്കിയ നടപടി വലിയ വാർത്ത ആകുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page