മംഗളുരു: മംഗളൂരു ഗോവ കൊങ്കണ്‍ റൂട്ടില്‍ ട്രെയിനുകളില്‍ രാത്രി സമയങ്ങളില്‍ ഉറങ്ങി കിടക്കുന്ന യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങളടക്കമുള്ളവ കവരുന്ന വന്‍ കവര്‍ച്ചാ സംഘം ഒടുവില്‍ പിടിയിലായി. ഉത്തരപ്രദേശ് മിര്‍സാപൂര്‍ സ്വദേശികളായ അഭയ്രാജ് സിങ്ങ് (26), ഹരിശങ്കര്‍ ഗിരി(25) എന്നിവരാണ് മംഗളൂരു ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആപിഎഫിന്റെ പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി നിത്യവും ട്രെയിനില്‍ മോഷണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് ആര്‍പിഎഫ് സ്‌പെഷ്യല്‍ സ്‌ക്വാഡും പാലക്കാട് ആപിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും സംയുക്തമായി അന്വേഷണ സംഘം രൂപീകരിച്ച് കള്ളന്മാരെ തെരഞ്ഞിരുന്നു. തിങ്കളാഴ്ച സംയുക്ത സംഘം മംഗളുരു ജങ്ക്ഷന്‍ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് യുപി സ്വദേശികളായ രണ്ടുപേരെ സാഹസികമായി പിടികൂടിയത്. ഇവരില്‍ നിന്നും മോഷണ മുതലായ ആറരലക്ഷത്തോളം രൂപ വിലവരുന്ന 16 പവന്‍ സ്വര്‍ണാഭരണവും പിടിച്ചെടുത്തു. ഒമ്പത് സ്വര്‍ണ്ണ ചെയിനുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. മോഷണം നടത്തുന്നതിനായി വിമാനം മാര്‍ഗം ഉത്തര്‍പ്രദേശില്‍ നിന്നും ഗോവയില്‍ എത്തുകയും അവിടെ നിന്നും തിരുവന്തപുരം വരെയും തിരിച്ചും രാത്രി ട്രെയിനുകളില്‍ യാത്ര ചെയ്തു മോഷണം നടത്തിവരികയുമായിരുന്നു രീതി. ഇവര്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ മോഷണങ്ങള്‍ നടത്തിയിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. അറസ്റ്റിലായ പ്രതികളെ തുടര്‍ നടപടികള്‍ക്കായി മംഗളൂരു റെയില്‍വേ പൊലീസിന് കൈമാറി. ആപിഎഫ് ക്രൈം ഇന്‍സ്‌പെക്ടര്‍ എ കേശവദാസ്, മംഗളുരു ജങ്ഷന്‍ ആപിഎഫ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യകസംഘത്തില്‍ ഭൂരിഭാഗവും മലയാളി ഉദ്യോഗസ്ഥരായിരുന്നു. പ്രത്യേക സംഘാങ്ങള്‍ക്ക് 5000 രൂപയുടെ പ്രത്യേക റിവാര്‍ഡും ആര്‍പിഎഫ് ഐജി പ്രഖ്യാപിച്ചു.