പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ പകയിൽ 17 കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം; കൊല്ലപ്പെടുമ്പോൾ വിദ്യാർത്ഥിനി ഗർഭിണി;കൊലപ്പെടുത്തിയത് വനത്തിൽ വച്ച്

കൊച്ചി:  പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ പ്ലസ്ടു വിദ്യാർഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ  പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്സോ കോടതി. എറണാകുളം കലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന 17- കാരിയെ അതിർത്തിഗ്രാമമായ മലക്കപ്പാറയ്ക്ക് സമീപംവെച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി നെട്ടൂർ സ്വദേശി സഫർ ഷാ(29)യെ കോടതി ഇരട്ടജീവപര്യന്തത്തിന് ശിക്ഷിച്ചത്. കേരളത്തെ നടുക്കിയ കൊലപാതകം നടന്ന് മൂന്നുവർഷങ്ങൾക്കിപ്പുറമാണ് എറണാകുളം പോക്സോ കോടതി കേസിൽ വിധി പറഞ്ഞത്.കൊലപാതകം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കൽ തുടങ്ങിയ കുറ്റത്തിന് വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്.

 2020ജനുവരി ഏഴിനാണ് പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയെ സഫർ ഷാ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയ പ്രതി, മലക്കപ്പാറയ്ക്കും വാൽപ്പാറയ്ക്കും ഇടയിലുള്ള വനപ്രദേശത്തുവെച്ചാണ് കൃത്യം നടത്തിയത്. കാറിലിട്ട് പെൺകുട്ടിയെ കുത്തിക്കൊന്ന ഇയാൾ മൃതദേഹം വനമേഖലയിലെ കാപ്പിത്തോട്ടത്തിൽ ഉപേക്ഷിച്ചു. തുടർന്ന് വാൽപ്പാറ-പൊള്ളാച്ചി വഴി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ പിടിവീഴുകയായിരുന്നു.പെൺകുട്ടിയുമായി നേരത്തെ മുതൽ സൗഹൃദത്തിലായിരുന്നു പ്രതി.ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് പകക്ക് കാരണം. സ്കൂൾ പരിസരത്ത് നിന്ന് യൂണിഫോമിൽ തന്നെ കുട്ടിയെ സൗഹൃദം നടിച്ച് കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കുട്ടിയെ കൊണ്ട് പോയത്.കുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തവെ കൊലചെയ്ത  അന്ന് തന്നെ പ്രതി പിടിയിലാവുകയായിരുന്നു.കൊല്ലപ്പെടുമ്പോൾ പെൺകുട്ടി ഗർഭിണി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page