ബാളിഗെ അസീസ് വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു

കാസർകോട്: പ്രമാദമായ ബാളിഗെ അസീസ് വധക്കേസിൽ 11 പ്രതികളെയും കോടതി വെറുതെവിട്ടു. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) കോടതിയാണ് പ്രതികളെ ശനിയാഴ്ച ഉച്ചയോടെ വെറുതെവിട്ടത്. പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി. ഒന്നാം പ്രതി അബ്ദുൽ ഹമീദ് എന്ന അമ്മി, മൂന്നാം പ്രതി ഷൗക്കത്തലി, നാലാം പ്രതി മുഹമ്മദ് റഫീഖ് എന്ന തലക്കി റഫീഖ്, അഞ്ചാം പ്രതി കെ അൻസാദ് എന്ന അഞ്ചു, ആറാം പ്രതി മുഹമ്മദ് റൈസ്, ഏഴാം പ്രതി ജയറാം നോണ്ട, ഒമ്പതാം പ്രതി നൂർഷാ 11-ാം പ്രതി പി അബ്ദുൽ ശിഹാബ്, 12-ാം പ്രതി മുഹമ്മദ് ശുഹൈബ്, 13-ാം പ്രതി കെ മുഹമ്മദ് അനീസ്, 14-ാം പ്രതി പി എച്ച് അബ്ദുർ റഹ്‌മാൻ എന്നിവരെയാണ് വെറുതെ വിട്ടത്. അതേസമയം രണ്ടാം പ്രതി ശാഫി എന്ന ചോട്ട ഷാഫി, എട്ടാം പ്രതി ഇസു കുസിയാദ്, 10-ാം പ്രതി കെ ഷാഫി എന്ന എംഎൽഎ ശാഫി, 15-ാം പ്രതി നൗഫൽ, 16-ാം പ്രതി മുഹമ്മദ് സാദത്ത് അലി എന്നിവർക്കെതിരെയുള്ള കേസുകൾ തുടരും. ഇവർ വിചാരണ സമയത്ത് കോടതിയിൽ ഹാജരായിരുന്നില്ല. ഇതിൽ ഇസു കുസിയാദ്, മുഹമ്മദ് സാദത്ത് അലി എന്നിവർ കോടതിയിൽ കീഴടങ്ങിയിരുന്നു. ഇവരുടെ വിചാരണ ഉടൻ നടക്കും. കേസിലെ ഭൂരിഭാഗം സാക്ഷികളും കൂറുമാറുകയും ചെയ്തിരുന്നു. 2014 ജനുവരി 25ന് രാത്രിയാണ് ബാളിഗെ അസീസ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. അസീസ് സഞ്ചരിച്ച കാറില്‍ പ്രതികള്‍ കാര്‍ ഇടിച്ച് നിര്‍ത്തുകയും കാറില്‍ നിന്ന് ഇറങ്ങിയോടിയ അസീസിനെ അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്ക് ഒട്ടേറെ ശത്രുക്കൾ ഉണ്ടായിരുന്നു. പൂര്‍വ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ഭാര്യയുടെ കൺമുന്നിൽ വെച്ചാണ് അസീസ് കൊല്ലപ്പെട്ടത്. വിചാരണ വേളയിൽ ഭാര്യ അടക്കമുള്ള സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഇതെല്ലാമാണ് പ്രതികളെ വെറുതെ വിടാൻ കാരണമായത്. കേസിൽ 10 പ്രതികൾക്ക് വേണ്ടി അഡ്വ. സി കെ ശ്രീധരൻ, അഡ്വ. കെ പി പ്രദീപ് കുമാർ എന്നിവരും ഏഴാം പ്രതിയായ ജയറാം നോണ്ടയ്ക്ക് വേണ്ടി അഡ്വ. കെ എസ് ചന്ദ്രശേഖരയും ഹാജരായി. ജയറാം നോണ്ട അടുത്തിടെ പൈവളിഗെ കൊമ്മങ്കളയില്‍ ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page