കാസര്‍കോട്: മൊഗ്രാല്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിങിനെ ചൊല്ലി ഹയര്‍ സെക്കന്ററിയിലെയും വിഎച്ച്എസ്ഇലെയും ജൂനിയര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടി. അദ്ധ്യായന വര്‍ഷം ആരംഭിച്ചത് മുതല്‍ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ദ്രോഹിച്ചിരുന്നു. കുട്ടികള്‍ നിരന്തരം റാഗിങ്ങിന് വിധേയമാക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഭീഷണിയും ഭയവും കാരണം മൂലം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്. സഹികെട്ട ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ചില സമയത്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതാണ് ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിന് കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേരിതിരിഞ്ഞ നടന്ന അടിയില്‍ അടിയുണ്ടായത്. നാട്ടുകാര്‍ ഇടപെടുമെന്നായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസെത്തി വിവരം ആരാഞ്ഞെങ്കിലും ഭീഷണി ഭയന്ന് പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ ആരും തയ്യാറായില്ല. ഇതുമൂലം പിടിഎ ക്കും, അധ്യാപകര്‍ക്കും, പൊലീസിനും പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥയായി. സമാനമായ സംഭവം നേരത്തെയും സ്‌കൂളില്‍ ഉണ്ടായിട്ടുണ്ട് ഇത്തരം കുഴപ്പമുണ്ടാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി വേണമെന്ന് പിടിഎയിലെ ഭൂരിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കര്‍ശന നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റാഗിങ്ങിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പിടിഎയില്‍ കയറി കൂടിയതുകൊണ്ടാണ് നടപടി ഉണ്ടാകാത്തതെന്ന ആക്ഷേപമാണ് നാട്ടുകാര്‍ പ്രധാനമായും ഉന്നയിക്കുന്നത്.