കാസര്‍കോട്: മഞ്ചേശ്വരം എസ്.ഐയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി റാഷിദ് ഗള്‍ഫിലേക്ക് കടന്നതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരികെ നാട്ടിലെത്തിക്കാന്‍ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയായ ശേഷം ഇയാള്‍ ഗോവയിലേക്കും അവിടെ നിന്നു ഗള്‍ഫിലേക്ക് കടന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇയാളെ ഇതു വഴി ഇന്റര്‍ പോളിന്റെ സഹായത്തോടെ റാഷിദിനെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. അതേസമയം പൊലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുന്നതിനു മുമ്പു തന്നെ കീഴടങ്ങാനുള്ള നീക്കം റാഷിദ് ആരംഭിച്ചതായി സൂചനയുണ്ട്. അതേസമയം കേസില്‍ വ്യാഴാഴ്ച കീഴടങ്ങിയ കൊലക്കേസ് പ്രതിയടക്കം മൂന്നു പേരെ റിമാന്റ് ചെയ്തു. ഉപ്പള പത്വാടിയിലെ നൂര്‍ അലി(42), ഹിദായത്ത് നഗറിലെ അഫ്സല്‍ (38), കെ.എസ്.സത്താര്‍(27) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഇവരില്‍ നൂര്‍ അലി, കാലിയ റഫീഖിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. രണ്ടാഴ്ച്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. രാത്രികാല പെട്രോളിംഗിനു എത്തിയ എസ്.ഐ.പി. അനൂബ്, സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍ എന്നിവരെ അഞ്ചംഗ സംഘം ആക്രമിച്ചത്. ആക്രമത്തില്‍ എസ്.ഐ.യുടെ വലതു കൈയെല്ല് പൊട്ടിയിരുന്നു. കേസില്‍ ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാനെ ആദ്യം അറസ്റ്റു ചെയ്തിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ മൂന്നു പ്രതികളും മുംബൈയില്‍ ഒളിവിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അവിടെ നിന്നും എത്തിയാണ് കീഴടങ്ങിയത്.