കാസര്‍കോട്: ബംഗ്‌ളൂരുവിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്നു കണ്ണൂരിലെ നിര്‍മ്മാണ സ്ഥലത്തേയ്‌ക്ക് ലോഡ് കൊണ്ടുവന്ന ലോറിയില്‍ നിന്നു 3.53 ടൺ കമ്പികള്‍ മോഷണം പോയി. മോഷണകാര്യം സ്ഥിരീകരിക്കുന്നതിന് ലോഡ് തൂക്കുന്നതിനായി തലപ്പാടിയിലേയ്‌ക്ക് ലോറി കൊണ്ടുവരുന്നതിനിടെ ഡ്രൈവറും സഹായിയും ഇറങ്ങിയോടി. സംശയം തോന്നിയ നാട്ടുകാരും പൊലീസും ഇരുവരെയും പിൻതുടർന്ന് പിടികൂടി കണ്ണൂര്‍ എടക്കാട് പൊലീസിനു കൈമാറി. കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക് വേണ്ടിയാണ് കമ്പി കൊണ്ട് വന്നത്. 4 ലോറികളിലായി കമ്പികള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതില്‍ ഒരു ലോറിയില്‍ ഉണ്ടായിരുന്ന കമ്പികളില്‍ കുറവ് ഉള്ളതായി സംശയം ഉയര്‍ന്നു. കരാറുകാർ ലോറി ഡ്രൈവറോടും സഹായിയോടും ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.തുടര്‍ന്ന് തൂക്ക കുറവ് ഉള്ളതായി കാണിച്ച് സൊസൈറ്റി അധികൃതര്‍ എടക്കാട് പൊലീസില്‍ പരാതി നല്‍കി. കമ്പി ലോറി സഹിതം തൂക്കുന്നതിന് വെയ്ബ്രിഡ്ജ് തലപ്പാടിയില്‍ മാത്രമേ ഉള്ളൂ. ഇവിടേയ്‌ക്ക് പൊലീസിന്റെ സഹായത്തോടെ ലോറി കൊണ്ടുവരുന്നതിനിടയിലാണ് കാഞ്ഞങ്ങാട്ട് ലോറി നിര്‍ത്തി ഡ്രൈവര്‍ ഷിമോഗ സ്വദേശി മുഹമ്മദ് പീര്‍(30), സഹായി ബംഗ്‌ളൂരുവിലെ ഉത്തം (40) എന്നിവർ ഇറങ്ങിയോടിയത്.പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരുവരെയും ചോദ്യം ചെയ്യുകയും ലോറിയില്‍ നിന്നു കമ്പി മോഷണം പോയ കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മോഷണത്തിന് പിന്നില്‍ ലോറി ബ്രോക്കറായ കണ്ണയ്യ ആണെന്നും ഇയാളെ തെരയുകയാണെന്നും പൊലീസ് അറിയിച്ചു.