കാസര്‍കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാസര്‍കോട് ശാഖയില്‍ നിന്നു റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ ഡിവിഷനിലേക്കയച്ച നോട്ടുകെട്ടുകളില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചത്. കള്ളനോട്ടുകള്‍ യഥാര്‍ത്ഥ നോട്ടുകള്‍ക്കൊപ്പം എത്തിയത് കാസര്‍കോട്ട് നിന്നാണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കേസ് കാസര്‍കോട്ടേക്ക് കൈമാറിയത്. 2023 ജനുവരി 13ന് കാസര്‍കോടുനിന്നും അയച്ചുകിട്ടിയ നോട്ടുകള്‍ ജൂലൈ നാലിന് ആര്‍ബിഐ പരിശോധിച്ചതില്‍ 2500 രൂപ മൂല്യം വരുന്ന അഞ്ച് വ്യാജനോട്ടുകള്‍ കണ്ടെത്തിയെന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. 500 രൂപയുടെ അഞ്ചു കള്ളനോട്ടുകളാണ് ആര്‍ ബി ഐയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കള്ളനോട്ട് എത്തിയ വഴി കണ്ടെത്താന്‍ കാസര്‍കോട് എസ്ബിഐ ശാഖയിലെ ജീവനക്കാരില്‍ നിന്നു പൊലീസ് വെള്ളിയാഴ്ച മൊഴിയെടുക്കും.