കാസർകോട്: ഓൺലൈൻ റമ്മികളിക്ക് അടിമയായി ഒരു ജീവൻ കൂടെ നഷ്ടമായിട്ടും ചൂതാട്ടത്തെ നിയന്ത്രിക്കാതെ അധികൃതർ. കാസർകോട് വെള്ളരിക്കുണ്ട് റാണിപുരം പാറക്കൽ റെജി – റെജീന ദമ്പതികളുടെ മകൻ കെ. റോഷ്(23)ആണ് റമ്മികളി ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകളെ തുടർന്ന് ജീവനൊടുക്കിയത്. മൂന്നാറിലെ റിസോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു റോഷ്. ശമ്പളത്തിന് പുറമെ കടം വാങ്ങിയും റോഷ് റമ്മി കളിച്ചിരുന്നു. വീട്ടിലെ ഏകമകനായിരുന്നു റോഷ്.എന്നാൽ സഹോദരിക്ക് സുഖമില്ലെന്നും സഹായിക്കണമെന്നും കഴിഞ്ഞ ദിവസം സഹപ്രവർത്തകരോട് റോഷ് അഭ്യർത്ഥിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ സഹ പ്രവർത്തകർ ഏകദേശം 80000 രൂപ പിരിച്ച് നൽകി. ഈ പണവും റമ്മി കളിച്ച് നഷ്ടപ്പെടുത്തിയതിന് ശേഷമാണ് തൂങ്ങി മരിച്ചത്. റോഷിന്‍റെ മരണ വിവരമറിഞ്ഞ് ജോലി ചെയ്യുന്ന മൂന്നാറിലെ റിസോർട്ടിൽ എത്തിയപ്പോഴാണ് കടബാധ്യതയുടെ വിവരം വീട്ടുകാർ അറിയുന്നത്. റോഷിന്‍റെ സംസ്കാരം പാണത്തൂർ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും. ഓൺലൈൻ റമ്മിയെ നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.യുവാക്കളാണ് ഇതിന് കൂടുതൽ അടിമകളാകുന്നത്. അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചുവെന്ന് കാണിച്ച് വരുന്ന മെസേജ് ലിങ്കിൽ നിന്നാണ് പലരും അറിയാതെ റമ്മികളിയിലേക്ക് എത്തുന്നത്. തുടക്കത്തിൽ പണം അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്തു കൊടുക്കുകയും പിന്നീട് കൂടുതൽ കളിക്കാൻ പ്രേരിപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഓൺലൈൻ റമ്മിയുടെ രീതി.