നിപ സ്ഥിരീകരിച്ച കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ; കണ്ടെയ്ൻമെന്‍റ് മേഖലകളിൽ കൂട്ടം കൂടാൻ പാടില്ല; പൊതു പരിപാടികൾ അനുമതിയോടെ മാത്രം
കോഴിക്കോട്: നിപ സ്ഥിരീകരിച്ച കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കണ്ടെയ്ൻമെന്‍റ് സോണുകളിലെ ആരാധനാലയളിൽ ഉൾപ്പെടെ കൂടിചേരലുകൾ പാടില്ലെന്ന് നിർദേശം. പൊതുപരിപാടികൾ സർക്കാരിന്‍റെ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. ആശുപത്രികളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.രോഗിയുടെ കൂട്ടിരിപ്പിന് ഒരാൾക്ക് മാത്രമേ അനുമതി ഉള്ളൂ. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവെക്കാൻ നിർദേശമുണ്ട്. കൂടാതെ ബീച്ചിൽ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിപ പ്രതിരോധ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.രാവിലെ 11 മണിക്കാണ് യോഗം ചേരുക. രോഗ ബാധിത മേഖലകളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാർ യോഗത്തിനെത്തും.നേരിട്ട് സമ്പർക്കമുള്ളവരുടേതുൾപ്പെടെ പരിശോധന ഊർജ്ജിതമാക്കാനാണ് തീരുമാനം. അടുത്ത രണ്ട് ദിവസങ്ങളിൽ കൂടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സംഘം കോഴിക്കോട് എത്തി സാഹചര്യം വിലയിരുത്തി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മൊബൈൽ ലാബും കോഴിക്കോട് സജ്ജമായിട്ടുണ്ട്. രണ്ട് പേരാണ് നിപ ബാധിച്ച് മരിച്ചത് .3 പേർ സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 800 ഓളം പേരാണ് രോഗികളുടെ സമ്പർക്കപട്ടികയിലുള്ളത്.11 പേരുടെ പരിശോധനാ ഫലം രാത്രിയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.