കാസര്‍കോട്: വീട്ടമ്മയെയും മകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടശേഷം സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു. നാരമ്പാടി സ്വദേശിനി കസ്തൂരി റൈ, മകന്‍ കര്‍ണ്ണാടക, സുള്ള്യപ്പദവ് പുതുക്കാടി, തോട്ടതമൂലയിലെ താമസക്കാരനായ ഗുരുപ്രസാദ് റൈ എന്നിവരാണ് അക്രമത്തിനിരയായത്. 15 പവന്‍ സ്വര്‍ണ്ണം, അരലക്ഷത്തോളം രൂപ, ടോര്‍ച്ച്, ബൈക്കിന്റെ താക്കോല്‍ എന്നിവയാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കര്‍ണ്ണാടക സുള്ള്യപ്പദവ് പുതുക്കാടിയിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഒരംഘം ആളുകള്‍ മുഖം മൂടി ധരിച്ചു വാഹനത്തില്‍ എത്തുകയായിരുന്നു. തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി. ശബ്ദം കേട്ട് കസ്തൂരി റൈയും മകനും ഞെട്ടിയുണര്‍ന്നപ്പോള്‍ തോക്കും കത്തിയും ചൂണ്ടി വധിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ഇരുവരെയും കെട്ടിയിട്ട സംഘം അലമാരകളില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവും പണവും ഗുരുപ്രസാദ് റൈയുടെ പഴ്സിലുണ്ടായിരുന്ന 5000 രൂപയും കൈക്കലാക്കി. അതിനു ശേഷം വീടിന്റെ അട്ടത്തില്‍ ചാക്കില്‍ കെട്ടിവച്ചിരുന്ന ഉണങ്ങിയ അടയ്ക്കകളും വഹനത്തില്‍ കയറ്റി. മുറ്റത്തു വച്ചിരുന്ന ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത സംഘം ടാങ്കിലെ പെട്രോളും ഊറ്റിയെടുത്തെന്നും വീട്ടുകാര്‍ പറയുന്നു. മോഷണം നടത്തി പോകുന്നതിന് മുമ്പ് ഇരുവരുടെയും കെട്ടഴിച്ച അക്രമി സംഘം കസ്തൂരി റൈയുടെ കാല്‍ തൊട്ടു വന്ദിച്ചാണ് മടങ്ങിയത്. നേരം പുലര്‍ന്നതിനു ശേഷമാണ് സംഭവം പുറം ലോകം അറിഞ്ഞത്. കസ്തൂരിറൈ പുത്തൂരില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനു പോകാനാണ് എത്തിയത്. വീട്ടില്‍ ജോലിക്കാരന്‍ മൂന്നു ദിവസം മുമ്പ് നാട്ടിലേയ്ക്കു പോയിരുന്നുവെന്നും ഇവര്‍ പറയുന്നു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ചാ സംഘങ്ങള്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചു.