കാസര്‍കോട്: കാസര്‍കോട്ടേക്ക് കവര്‍ച്ച നടത്താന്‍ വരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് (41) പൊലീസ് പിടിയില്‍. കണ്ണൂര്‍ കുടിയാന്മല പൊലീസ് തന്ത്രപൂര്‍വ്വം പിടികൂടിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പൊലീസിനു കൈമാറി. കഴിഞ്ഞ ദിവസം വൈകുന്നേരം കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നടുവിലില്‍ ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി ഘോഷയാത്ര ഉണ്ടായിരുന്നു. ഇവിടെ ഡ്യൂട്ടിക്കെത്തിയതായിരുന്നു എ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. ഈ സമയത്ത് തലക്കെട്ടും മുഖത്തു മാസ്‌ക്കും ധരിച്ച് കൈയില്‍ സഞ്ചിയും തൂക്കി നില്‍ക്കുകയായിരുന്നു സന്തോഷ്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളുടെ സമീപത്തേയ്‌ക്ക് എ എസ് ഐ നടന്നു നീങ്ങിയപ്പോള്‍ തൊരപ്പന്‍ സമീപത്തെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. സംശയം തോന്നി പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് സഞ്ചിയില്‍ കവര്‍ച്ചയ്‌ക്ക് ഉപയോഗിക്കുന്ന മാരകായുധങ്ങള്‍ കണ്ടെത്തിയത്. ചോദ്യം ചെയ്‌തപ്പോള്‍ കാസര്‍കോട്ടേക്ക് കവര്‍ച്ച നടത്താന്‍ പോകുന്നതാണെന്നു ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.അതേസമയം വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്തിടെ നടന്ന നിരവധി കവര്‍ച്ചകള്‍ക്കു പിന്നില്‍ തൊരപ്പനാണെന്നു സംശയം ഉയര്‍ന്നിരുന്നു. ഇയാളെ അന്വേഷിക്കുന്നതിനിടയിലാണ് പ്രതി നേരെ പൊലീസിന് മുന്നിലെത്തിയത്. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയായ തൊരപ്പന്‍ സന്തോഷിനെതിരെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 25ന് ആണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.