മംഗളൂരു: സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ആൺസുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കി. കർണാടകയിലെ ദേവങ്കരയിലാണ് നാടിനെ നടക്കിയ സംഭവം ഉണ്ടായത്. പി.യു.സി.ക്ക് പഠിക്കുന്ന വിദ്യാർഥിനിയാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചത്. ആഗസ്ത് 28 നാണ് സംഭവം നടന്നത്.ബുധനാഴ്ച ആശുപത്രിയിൽ വെച്ചാണ് പെൺകുട്ടി മരിച്ചത്. കോളേജിൽ പോകവെ രണ്ട് ആൺകുട്ടികളുമായി പെൺകുട്ടി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇവർ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകുകയും അബോധാവസ്ഥയിലായപ്പോൾ സ്വകാര്യ വീഡിയോകൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നീട് വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തു. പ്രതികൾ വീട്ടിലെത്തുകയും തങ്ങൾക്കൊപ്പം പോകാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നതായി പെൺകുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പിന്നാലെയാണ് പെൺകുട്ടി തീകൊളുത്തിയത്.മരിക്കും മുൻപേ പെൺകുട്ടി വീഡിയോ എടുത്തിരുന്നു. തന്നെപ്പോലെ മറ്റൊരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ രണ്ട് പ്രതികൾക്കെതിരെ പോക്‌സോ പ്രകാരം ജഗലുരു പൊലീസ് കേസ്സെടുത്തിട്ടുണ്ട്.