കാസര്‍കോട്: പൊലീസ് പിന്‍തുടര്‍ന്നതിനെ തുടര്‍ന്ന് അമിതവേഗതയിലോടിയ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കും. കഴിഞ്ഞ മാസം 25ന് കളത്തൂര്‍, പള്ളത്തുണ്ടായ അപകടത്തില്‍ അംഗഡിമുഗര്‍ ഹയര്‍സക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫര്‍ഹാസ് (17) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ കഴിഞ്ഞ മാസം 29ന് ആണ് ഫര്‍ഹാസ് മരിച്ചത്. പൊലീസ് അമിതവേഗതയില്‍ പിന്‍തുടര്‍ന്നതാണ് മരണത്തിനു ഇടയാക്കിയതെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു ഫര്‍ഹാസിന്റെ കുടുംബവും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പൊലീസ് സ്റ്റേഷന്‍ ഉപരോധം വരെ നടന്നിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും പരാതിക്കാരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്‌തിരുന്നു.