കാസര്‍കോട്: അമിത വേഗതയിലോടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന്റെ നടുക്കം മാറും മുമ്പെ കുമ്പള ദേശീയപാതയിലും അപകടം. കുമ്പള യിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. മുഹാഫീസ് (19), ഇനാന (19), ഷംസുദ്ദീന്‍ (19), അര്‍സു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുമ്പള പാലത്തിനു സമീപത്താണ് അപകടം. ചാറ്റല്‍ മഴയുള്ള സമയത്ത് അമിത വേഗതയിലോടിയ കാര്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം. കാറിനു അകത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ അപകടം കണ്ട് ഓടിക്കൂടിയവരാണ് പുറത്തെടുത്തതെന്നു പറയുന്നു. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. ഭാഗ്യം കൊണ്ടാണ് ജീവപായം ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം അപകടവുമായി ബന്ധപ്പെട്ട് കുമ്പള പൊലീസില്‍ പരാതിയൊന്നും വന്നിട്ടില്ലെന്നു അധികൃതര്‍ പറഞ്ഞു.