കോട്ടയം: പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ പുതുപ്പള്ളിയിൽ പോളിംഗ് ആരംഭിച്ചു.രാവിലെ 7 മണിക്കാണ് പോളിംഗ് തുടങ്ങിയത്. ആദ്യമണിക്കൂറിൽ തന്നെ 7.32 ശതമാനമാണ് പോളിംഗ്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.എട്ടു പഞ്ചായത്തുകളിലായി 182 പോളിംഗ് ബൂത്തുകളാണ് പുതുപ്പളളിയിലുള്ളത്.മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും മൂന്ന് സ്വതന്ത്രരുമടക്കം 7 പേരാണ് മത്സര രംഗത്തുള്ളത്. ആകെ 1,76,417 വോട്ടർമാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്.എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ മോക്ക് പോളിംഗ് കഴിഞ്ഞിരുന്നു. പോളിംഗ് ബൂത്തിൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. 80 ശതമാനത്തിലേറെ പോളിംഗ് ശതമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മഴ പോളിംഗിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജ്ജിയൻ പബ്ലിക് സ്കൂളിലും, ജെയ്ക് സി തോമസ് മണർക്കാട് എൽ.പി.സ്കൂളിലും വോട്ട് രേഖപ്പെടുത്തി. എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും തികഞ്ഞ പ്രതീക്ഷയിലാണ്.അവസാന മണിക്കൂറുകളിലും പുതുപ്പള്ളിയിൽ രാഷ്ട്രീയത്തിനൊപ്പം വികസനവും ചർച്ചയായിരുന്നു.