കോഴിക്കോട്: താമരശ്ശേരി അമ്പലമുക്കിൽ നാട്ടുകാർക്കും പോലീസിനും നേരെ ലഹരി മാഫിയാ സംഘത്തിന്റെ അക്രമം. പതിനഞ്ചോളം വരുന്ന സംഘമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രണ്ട് പോലീസ് ജീപ്പും ഒരു കാറും,വീടിന്റെ ചില്ലുകളും തകർത്തു. സ്ഥലത്തെത്തിയ ഒരാൾക്ക് വെട്ടേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്പലമുക്ക് കൂരിമുണ്ട ഭാഗത്ത് ലഹരി മാഫിയ തമ്പടിക്കുന്ന ഷെഡിന് സമീപത്തെ വീട്ടിൽ സി സി ടി വി സ്ഥാപിച്ചതിൽ പ്രകോപിതരായ പതിനഞ്ചോളം വരുന്ന സംഘമാണ് അക്രമം അഴിച്ചു വിട്ടത്. കൂരിമുണ്ടയിൽ മൻസൂറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം സി സി ടി വി സ്ഥാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തെത്തിയ സംഘം വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയതോടെ പോലീസിന് നേരെയും ലഹരിമാഫിയാ സംഘം തിരിഞ്ഞു. പിന്നീട് രാത്രി എട്ട് മണിയോടെ വീടിന് നേരെ കല്ലേറുണ്ടായി. ഇതോടെ താമരശ്ശേരി ഡി എസ് പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി. ഇതോടെ പോലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായി.