മംഗളൂരു: പൊലീസ് അപമാനിച്ചെന്നാരോപിച്ച് യുവതി ജീവനൊടുക്കി. കർണാടകയിലെ രാമനഗര ജില്ലയിലെ ചന്നപട്ടണ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചന്നപട്ടണ നഗരത്തിലെ കോട്ട് ലേഔട്ടിൽ താമസിക്കുന്ന മാധുരി(31)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറക്കഗുളിക കഴിച്ച ഇവർ ഞായറാഴ്ച ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസിൽ നിന്നുണ്ടാകുന്ന അപമാനവും പീഡനവും സഹിക്കാൻ കഴിയുന്നില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും മരിക്കും മുൻപ് വീഡിയോയിൽ മാധുരി പറഞ്ഞിരുന്നു.സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് മാധുരി ചന്നപട്ടണ റൂറൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ പോലീസ് പരാതി സ്വീകരിച്ചില്ലെന്നാണ് ആരോപണം. പോലീസ് സ്‌റ്റേഷനിൽ വെച്ച് തന്നെ പോലീസുകാർ അപമാനിച്ചെന്നാണ് യുവതിയുടെ പരാതി.അതേ സമയം ഇവരുടെ പേരിൽ നിരവധി വഞ്ചനാ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യമുയർത്തി യുവതിയുടെ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.