കാസർകോട്: കാസർകോട് കുമ്പളയിൽ പൊലീസ് സംഘം പിൻതുടർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എസ്.ഐ.ക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുബണൂർ ഇച്ചിലങ്കോട്ടെ ജസീൽ (33,) ഷിറിയ കുന്നിലെ അബ്ദുൽ ഫിറോസ് (36) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്പള സ്റ്റേഷനിലെ എസ്.ഐ.ആയിരുന്ന രഞ്ജിത്തിനും കുടംബത്തിനും നേരെയാണ് ഭീഷണി ഉയർത്തിയത്. അംഗഡി മുഗർ ഹയർ സെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാസ് കാറപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ എസ്.ഐ രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇദ്ദേഹവും കുടുംബവും താമസിക്കുന്ന മൊഗ്രാൽ മാളിയങ്കരയിലെ വീടിനു മുന്നിലേക്കു സ്കൂട്ടറിലെത്തി രണ്ടു പേർ ഭീഷണി മുഴക്കിയെന്നായിരുന്നു കേസ്. യുവാക്കൾ സ്കൂട്ടറിൽ വരുന്നതിന്‍റെ ചിത്രം സി.സി.ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ തിരിച്ചറിയാൻ ഇടയാക്കിയത്. വിദ്യാർത്ഥി മരിച്ചതിൽ ജനരോഷം ഉയർന്നതിന് പിന്നാലെ എസ്.ഐ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റിയിരുന്നു.