എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെ വനിത ഡോക്ടറുടെ പീഡന പരാതിയിൽ ബലാൽസംഗക്കുറ്റം ചുമത്തി കേസ് എടുത്തു. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. മനോജിനെതിരെയാണ് കേസ്സെടുത്തത്.
വനിത ഡോക്ടറെ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ബലമായി മുഖത്ത് ചുംബിച്ചുവെന്നായിരുന്നു പരാതി. ഫേസ്ബുക്കിലാണ് സീനിയർ ഡോക്ടറിൽ നിന്നുണ്ടായ മോശം അനുഭവം വനിതാ ഡോക്ടർ പങ്കുവെച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മേധാവിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകുകയും ചെയ്തിരുന്നു. പരാതി പൊലീസിന് ആശുപത്രി സൂപ്രണ്ട് കൈമാറി. സംഭവത്തിൽ അന്വേഷിച്ച് നടപടി എടുക്കാൻ ആരോഗ്യ മന്ത്രിയും നിർദേശം നൽകുകയുണ്ടായി.
2019 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ഹൗസ്‍സർജൻസി ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു വനിത ഡോക്ടർ. വൈകിട്ട് ഏഴുമണിയോടെ വനിത ഡോക്ടറെ തന്റെ ക്വാർട്ടേഴ്സിനു സമീപത്തെ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി ബലമായി ശരീരത്തിൽ സ്പർശിക്കുകയും മുഖത്ത് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. ഇതുസംബന്ധിച്ച് പിറ്റേ ദിവസം തന്നെ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതിനാൽ, ഡോക്ടറുടെ ഇടപെടലുണ്ടാകുമെന്ന് പേടിച്ച് പരാതിയുമായി മുന്നോട്ട് പോയില്ലെന്നും വനിതാ ഡോക്ടർ വ്യക്തമാക്കിയിരുന്നു. നിലവിൽ ആലുവ ജില്ലാ ആശുപത്രിയിലാണ് ഡോ. മനോജ് ജോലി ചെയ്യുന്നത്.