ട്രയിനിൽ നിന്ന് തെറിച്ച് വീണ് യുവാവിന് പരിക്ക്
കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും തെറിച്ചു വീണ് യുവാവിന് ഗുരുതര പരിക്ക്. പത്തനാപുരം ഇളമണ്ണൂർ തെങ്ങിൽ വീട്ടിൽ സജി കുമാർ (45) ആണ് പരിക്കേറ്റത്.ശനിയാഴ്ച വൈകിട്ട് കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷന് ഇടയിൽ മാഞ്ഞൂർ മേൽപാലം സിഗ്നലിന് സമീപം കൊച്ചുവേളി-ശ്രീഗംഗാനഗർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് സജികുമാർ വീണത്. ഭാര്യക്കും മകൾക്കുമൊപ്പം അഹമ്മദാബാദിലേക്ക് പോകാൻ കായംകുളത്ത് നിന്നുമാണ് സജികുമാർ ട്രെയിൻ കയറിയത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെ സജികുമാർ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഭാര്യയും കുഞ്ഞും ബഹളം വച്ചതോടെ സഹയാത്രികർ ചങ്ങല വലിച്ചു. തുടർന്ന് ട്രെയിൻ കുറുപ്പന്തറ സ്റ്റേഷനു സമീപം നിർത്തിയിട്ടു.റെയിൽവേ ജീവനക്കാരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി ഏഴരയോടെ മാഞ്ഞൂർ മേൽപാലം സിഗ്നലിനു സമീപം കാട്ടിൽ പരുക്കേറ്റ് അവശനിലയിൽ സജി കുമാറിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സജികുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെറിച്ചു വീണത് പുല്ലു നിറഞ്ഞ കാട്ടിലേക്ക് ആയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. സജികുമാറിന്റെ തലയ്ക്കും ദേഹത്തും പരിക്കുണ്ട്.