ന്യൂഡല്‍ഹി: ട്യൂഷന്‍ അധ്യാപകനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. സക്കീര്‍ നഗര്‍ സ്വദേശിയായ അധ്യാപകന്‍ വസീമിനെ(28)യാണ് കുട്ടി മൂര്‍ച്ചയുള്ള പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ലൈംഗികാതിക്രമം സഹിക്കവയ്യാതെയാണ് കുട്ടി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണ ഡല്‍ഹിയിലെ ഓഖ്‌ല പ്രദേശത്തുള്ള റെസിഡന്‍ഷ്യല്‍ ഏരിയയായ ജാമിയ നഗറിലാണ് സംഭവം. ഓഗസ്റ്റ് 30ന് രാവിലെ 11.30 ഓടെ കുട്ടിയെ വസീം വീണ്ടും വിളിച്ചു വരുത്തിയിരുന്നു. പീഡന വീഡിയോ പകര്‍ത്തുകയും വിളിച്ചാല്‍ വന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുള്ള പീഡനത്തില്‍ മനം മടുത്ത കുട്ടി വസീമിനെ കൊലപ്പെടുത്തുകയായിരുന്നു. വസീമിന്റെ മൊബൈല്‍ ഫോണ്‍, സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ സ്ഥലം വസീമിന്റെ പിതാവിന്റേതാണ്, കുറച്ചുകാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ പങ്ക് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട വസീം തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നല്‍കി.