ട്രെയിന് നേരെ കല്ലേറ് തുടരുന്നു; കാസർകോട് കുമ്പളക്ക് സമീപം നേത്രാവതി എക്സ്പ്രസ്സിന് നേരെ കല്ലേറ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കാസർകോട്: സംസ്ഥാനത്ത് ട്രെയിനിന് നേരെ കല്ലേറ്  തുടരുന്നു. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നമ്പർ  നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. വെള്ളിയാഴ്ച രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത് എസ്.2 കോച്ചിന് നേരെയുണ്ടായ കല്ലേറിൽ വാതിലിന്‍റെ ഗ്ലാസിന് പൊട്ടലേറ്റു.യാത്രക്കാർക്ക് ആർക്കും പരിക്കില്ല. മംഗളൂരുവിൽ നിന്ന് ആർ.പി.എഫ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 അടുത്തിടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപകമായി ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് 16 ന് കണ്ണൂരിൽ വന്ദേ ഭാരതിന് നേരെയും ആഗസ്റ്റ് 24 ന് തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറ് നടന്നു. ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ പ്രതി മാഹിയിൽ പിടിയിലായിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസാണ് അറസ്റ്റിലായത്. ആഗസ്റ്റ് 24 ന്  രാവിലെ 10.30 ഓടെ തലശ്ശേരിയിലെത്തിയ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ട്രെയിനിൽ കച്ചവടം നടത്തുന്ന കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂർ സ്വദേശി മൊയ്തുവും തമ്മിലുണ്ടായ തർക്കമാണ് കല്ലേറിലേക്ക് നയിച്ചത്. ഫാസിൽ മൊയ്തുവിന് നേരെയെറിഞ്ഞ കല്ല് ട്രെയിനിൽ പതിക്കുകയായിരുന്നു. തുടർന്ന് വടകരയിൽ നിന്നും പിടികൂടിയ ഇവരെ ആർപിഎഫിന് കൈമാറുകയും ചെയ്തു.

  രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായിയിരുന്നു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലെറിയുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ വ്യാപക പ്രചാരണ പരിപാടികളും റെയിൽവേ നടപ്പാക്കി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page