ഹൗസ് സർജ്ജൻസി ചെയ്യുമ്പോൾ വിളിച്ചുവരുത്തി പിടിച്ചുവെച്ച് മുഖത്ത് ചുംബിക്കാൻ ശ്രമിച്ചു: സീനിയർ ഡോക്ടറിൽ നിന്നുണ്ടായ പീഡന അനുഭവം പങ്ക് വെച്ച് വനിതാ ഡോക്ടർ; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി
എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെ വനിത ഡോക്ടറുടെ പീഡന പരാതി. വനിത ഡോക്ടറെ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. ഫേസ്ബുക്കിലാണ് സീനിയർ ഡോക്ടറിൽ നിന്നുണ്ടായ മോശം അനുഭവം വനിതാ ഡോക്ടർ പങ്കുവെച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മേധാവിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച് പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
2019 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ഹൗസ്‍സർജൻസി ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു വനിത ഡോക്ടർ. വൈകിട്ട് ഏഴുമണിയോടെ വനിത ഡോക്ടറെ തന്റെ ക്വാർട്ടേഴ്സിനു സമീപത്തെ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി ബലമായി ശരീരത്തിൽ സ്പർശിക്കുകയും മുഖത്ത് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഇതുസംബന്ധിച്ച് പിറ്റേ ദിവസം തന്നെ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതിനാൽ, ഡോക്ടറുടെ ഇടപെടലുണ്ടാകുമെന്ന് പേടിച്ച് പരാതിയുമായി മുന്നോട്ട് പോയില്ലെന്നും വനിതാ ഡോക്ടർ പറയുന്നു. 2023ൽ പരാതിയിൽ പറയുന്ന ഡോക്ടർ ജനറൽ ആശുപത്രിയിൽ നിന്ന് ട്രാൻസ്ഫറായി പോയി. പീഡിപ്പിച്ച ഡോക്ടർക്ക് പ്രമോഷൻ നൽകുന്ന സാഹചര്യത്തിലാണ് വനിത ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്. നിലവിൽ ആലുവ ജില്ലാ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്.അതിനിടെ വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തും.