ന്യൂഡൽഹി: കേന്ദ്ര ഭവന, നഗരകാര്യ സഹ മന്ത്രി കൗശൽ കിഷോറിന്‍റെ വസതിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. മന്ത്രിയുടെ മകൻ വികാസ് കിഷോറിന്‍റെ സുഹൃത്ത് വിനയ് ശ്രീവാസ്തവയാണ് മരിച്ചത്. ലഖ്നൗവിലെ മന്ത്രിയുടെ വസതിയിൽ പുലർച്ചെ 4.15 നായിരുന്നു സംഭവം. മന്ത്രിയുടെ മകന്‍റെ തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചത്. എന്നാൽ മകൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മകൻ ഡൽഹിയിൽ ആയിരുന്നെന്നാണ് മന്ത്രി കൗശൽ കിഷോർ അറിയിച്ചത്. വെടിവെക്കാനുപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 3 പേർ കസ്റ്റഡിയിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.വെസ്റ്റ് ലക്നൗ ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ഡിസിപി രാഹുൽ രാജ് അറിയിച്ചു. മന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവ. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.