പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മന:പ്പൂർവം കാറിലിടിച്ചതായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാതി. താൻ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ പരാതിയിൽ പറയുന്നു. പന്തളം പൊലീസ് സ്റ്റേഷനിലാണ് കൃഷ്ണകുമാർ പരാതി നൽകിയത്. രാവിലെ പന്തളത്തായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്ട്രൈക്കർ ഫോഴ്സിന്റെ വാഹനമാണ് കാറിൽ ഇടിച്ചെന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്. കാറിൽ വാൻ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തിൽ കാർ ഒരുവശത്തേക്ക് തെന്നി നീങ്ങിയെന്നും കൃഷ്ണകുമാർ പറയുന്നു. അപകടത്തിൽ കാറിന് കേടുപാടുകളുണ്ട്. ഇടിച്ചശേഷം വാനിലുണ്ടായിരുന്നവർ മോശമാറി പെരുമാറിയെന്നും നടൻ ആരോപിക്കുന്നു.
അപകടകരമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും വാഹനത്തിലുണ്ടായിരുന്നവർക്കെതിരെ കേസെടുക്കണമെന്നും പന്തളം സി ഐയ്ക്ക് അദ്ദേഹം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോവുകയായിരുന്നു കൃഷ്‌ണകുമാർ. ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിനെ പൊലീസ് വാഹനം ആക്രമിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.