കുമ്പളയില്‍ വിദ്യാര്‍ഥി മരണപ്പെട്ട സംഭവം; എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി

കാസര്‍കോട്: കുമ്പളയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി. എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജില്ലാപൊലിസ് ചീഫിന്റെ ഉത്തരവില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം പൊലീസുകാരെ സസ്‌പെന്റ് ചെയ്യണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. പൊലീസിനെ കണ്ട് ഓടിച്ചുപോയ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫര്‍ഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൊലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലിസുകാര്‍ക്കെതിരേ നടപടി. ഈ മാസം 25ന് സ്‌കൂളില്‍ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. കാര്‍ നിര്‍ത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണു പൊലീസ് എത്തിയത്. കാറിന്റെ പിന്നില്‍ നിര്‍ത്തിയ ജീപ്പില്‍ നിന്നു പൊലീസുകാര്‍ ഇറങ്ങി അടുത്തേക്ക് പോകുന്നതിനിടെ കാര്‍ പിന്നോട്ട് എടുക്കുകയും ജീപ്പിലിടിച്ചിരുന്നു. തുടര്‍ന്നു കാര്‍ ഓടിച്ചു മുന്നോട്ടു പോവുകയും പിന്നീട് കാര്‍മറിയുകയും ചെയ്തുവെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ കുട്ടികള്‍ പേടിച്ചാണു വാഹനം ഓടിച്ചതെന്നും പിന്നാലെ പൊലീസ് വാഹനവും ഉണ്ടായിരുന്നെന്നാണ് ആരോപണം. പരുക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം കുമ്പള ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മംഗളുരുവിലേക്കു മാറ്റുകയായിരുന്നു. ഫര്‍ഹാസിനെ കൂടാതെ കാറില്‍ നാലു കുട്ടികളും കൂടി ഉണ്ടായിരുന്നു. ഇവര്‍ക്കു നിസാര പരുക്കുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page