കുമ്പളയിലെ ഫര്‍ഹാസിന്റെ മരണം; സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ 44 പേര്‍ക്കെതിരേ കേസെടുത്തു
കാസര്‍കോട്: കുമ്പളയിലെ ഫര്‍ഹാസിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമ്പള പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 44 മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. നേതാക്കളായ അബ്ദുല്‍ മജീദ്, യൂസഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, സിദ്ദീഖ്, നൗഫല്‍, ഇല്യാസ്, അബാസ്, ജംഷീര്‍ , മുസ്തഫ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 33 പേര്‍ക്കെതിരെയുമാണ് കുമ്പള പോലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരും കുമ്പള ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് കുമ്പള പോലീസ് സ്റ്റേഷനില്‍ വന്‍ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്ടെയും വയനാട്ടിലെയും പോലീസുകാരെയും കുമ്പളയില്‍ എത്തിച്ചിരുന്നു. ജില്ലാ പോലീസ് ചീഫ് ഡോ.വൈഭവ് സക്‌സേന, ഡിവൈഎസ്പിമാരായ പികെ സുധാകരന്‍, വി വി മനോജ്, ഡോ. വി ബാലകൃഷ്ണന്‍ എന്നിവരും കുമ്പളയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കണ്ണൂര്‍ റേഞ്ച് ഐജി തോംസണ്‍ ജോസ് സ്ഥലത്ത് എത്തിയിരുന്നു. ഫര്‍ഹാസിന്റെ മരണത്തില്‍ എസ് ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അതേസമയം കേസ് ക്രൈംബ്രാഞ്ചിന് വിട്ടതായി ജില്ലാ പോലീസ് ചീഫ് ഡോ. ബൈബോ സക്‌സന അറിയിച്ചു. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.