കാസര്‍കോട്: തളങ്കര മസ്ജിദ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടുബൈക്കുകള്‍ തീയിട്ടു നശിപ്പിച്ചു. തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് പരിസരത്ത് നിര്‍ത്തിയിട്ടതായിരുന്നു ബൈക്കുകള്‍. മലപ്പുറം പുളിക്കല്‍ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ യു നജ്മുദ്ദീന്റെ പള്‍സര്‍ ബൈക്കും, മേല്‍പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്റെ ഹീറോ ഹോണ്ട ബൈക്കുമാണ് തീയിട്ടു നശിപ്പിച്ചത്. നജ്മുദ്ദീനും മുഹമ്മദ് സാജിദും തൊട്ടടുത്തുള്ള മസ്ജിന്റെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഇവര്‍ ഓണ അവധിക്ക് നാട്ടില്‍ പോയ സമയത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ വഴിയാത്രക്കാരാണ് ബൈക്കില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. നജ്മുദ്ദീന്റെ പള്‍സര്‍ ബൈക്ക് പൂര്‍ണമായും ഹീറോ ഹോന്‍ഡ ബൈക്ക് ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. മസ്ജിദ് സെക്രട്ടറി സുബൈര്‍ പള്ളിക്കാലിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്തുള്ള സിസിടിവി പരിേേശാധിച്ചതിനെ തുടര്‍ന്ന് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സമീപത്തെ വീടുകളില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.