കണ്ണൂർ: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി വാങ്ങവെ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ ഓഫീസർ വിജിലന്‍സ് പിടിയിലായി. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ കെ.വി.ഉമര്‍ ഫാറൂക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്.വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്. ചക്കരക്കല്‍ സ്വദേശിയില്‍ നിന്നും ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സിന് പരാതി കൊടുക്കുകയായിരുന്നു.തുടര്‍ന്ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ചക്കരക്കല്‍ ടൗണിലെ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് മുന്‍വശം വച്ച് ഫിനോഫ്ത്തലില്‍ പുരട്ടിയ രണ്ടു 500 രൂപയുടെ നോട്ട് കൈമാറുമ്പോള്‍ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരിന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് ഏഴുമണിയോടെ അറസ്റ്റു രേഖപ്പെടുത്തി. ചക്കരക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി സമീപിക്കുന്നവരില്‍നിന്ന് ഉമര്‍ ഫാറൂഖ് കൈക്കൂലി വാങ്ങുന്നതായി നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് വിവരം ലഭിച്ചെങ്കിലും രേഖാമൂലമുളള പരാതി വിജിലന്‍സിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇരിട്ടി എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ എക്‌സൈസ് അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച രണ്ടു എക്‌സൈസ് ഓഫീസര്‍മാരെ പിടികൂടിയിരുന്നു.